Ernakulam

വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ കുടുംബവഴക്ക്, ഭർതൃപിതാവ് കസ്റ്റഡിയിൽ

Please complete the required fields.




പിറവം : വീട്ടിലെ തർക്കത്തിനിടെ വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭയിലെ 14-ാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തി വീട്ടിൽ തർക്കമുണ്ടാക്കുന്നത് ജോയിയുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം മദ്യപിച്ചെത്തിയ ജോയി ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ഇടപെട്ടപ്പോഴാണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണം തടയുന്നതിനിടെ ലിസിയുടെ കൈക്കും പരിക്കേറ്റു. വയറിന് ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിക്ക് ഒൻപത് തുന്നിക്കെട്ടുകളുണ്ട്. അമിതമായി രക്തം വാർന്ന നിലയിലായിരുന്ന ഇവരെ ആദ്യം പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ലിസി നിലവിൽ പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.അക്രമത്തിന് ശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ജോയിയെ പൊലീസ് പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് പിടികൂടി. ജോയിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പിറവം പൊലീസ് അറിയിച്ചു.

Related Articles

Back to top button