മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല’; അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ, സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്ന് സംശയം

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കായി തെരച്ചിൽ തുടരുന്നു. പാലിയേക്കര ടോൾ പ്ലാസ കടന്നതിന് ശേഷം അർജുനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രധാന സംശയം. സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പോലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്.
ഒളിവിലിരുന്ന് കൊണ്ടും അർജുൻ സോഷ്യൽ മീഡിയ വഴി വെല്ലുവിളി തുടരുകയാണ്. ഇന്നലെ രാത്രിയും അർജുൻ പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നായിരുന്നു പോസ്റ്റിലെ പ്രധാന പരാമർശം.കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!! കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ച’തെന്നും ഫേസ്ബുക്കിൽ അർജുൻ ആയങ്കി കുറിച്ചിട്ടുണ്ട്.
തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അർജുൻ ആയങ്കി ആവശ്യപ്പെട്ടിട്ടുണ്ട്. ‘അയാളെന്തിനങ്ങനെ ചെയ്തു ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ. മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല; എന്ന് പറഞ്ഞാണ് അർജുൻ ആയങ്കി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് താഴെ വിവിധ ഹാൻഡിലുകളിൽ നിന്ന് നിരവധി പിന്തുണാ കമന്റുകളും എത്തിയിട്ടുണ്ട്. ഈ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇത് പരിശോധിക്കുന്നുണ്ട്.
അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പോലീസ് കഴിഞ്ഞ മെയ് 3ന് അറസ്റ്റ് ചെയ്തിരുന്നു. റിസോർട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയതിന് ശേഷം കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി.
“സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ല” എന്നായിരുന്നു ഭീഷണി. ഇതേ തുടർന്ന് പോലീസ് വീണ്ടും കേസെടുത്തു.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. “ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ. ഇനി ജാമ്യം എടുത്തിട്ടേ വരൂ. കള്ളക്കേസിൽ കുടുക്കിയ സിഐക്ക് പണി വെച്ചിട്ടുണ്ട്” എന്നും അർജുൻ വെല്ലുവിളിച്ചിരുന്നു. അർജുനെ അതിവേഗം കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്.





