Thiruvananthapuram

തൊഴിലാളികൾക്ക് ഓണസമ്മാനം! ഉത്സവബത്തയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും; പ്രഖ്യാപനവുമായി മന്ത്രി ബിന്ദു കൃഷ്ണ

Please complete the required fields.




തിരുവനന്തപുരം: ഈ വർഷവും ഓണത്തിന് തൊഴിലാളികൾക്ക് ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും മുൻവർഷത്തെ പോലെ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിൽ ചേർന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രധാന പ്രഖ്യാപനങ്ങൾ

പൊതുമേഖലാ സ്ഥാപനങ്ങൾ: പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത സംബന്ധിച്ച സർക്കാർ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങൾ: 3 വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കയർ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 9,806 തൊഴിലാളികൾക്ക് 2,000 രൂപ നിരക്കിൽ 1.96 കോടി രൂപ എക്സ്ഗ്രേഷ്യ അനുവദിച്ചു. ഒന്നോ അതിലധികമോ വർഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് 2,500 രൂപ നിരക്കിൽ 3.10 കോടി രൂപയും നീക്കിവച്ചു.

തോട്ടം തൊഴിലാളികൾ: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഓണത്തിന് 1,000 രൂപയുടെ സപ്ലൈകോ ഗിഫ്റ്റ് കാർഡ് നൽകും. 20 കിലോ അരി, 1 കിലോ പഞ്ചസാര, 1 കിലോ വെളിച്ചെണ്ണ എന്നിവയ്ക്ക് പകരം ഗിഫ്റ്റ് കാർഡ് സ്വീകരിക്കാനും അവസരമുണ്ട്. ഇതിനായി 23.21 ലക്ഷം രൂപ വകയിരുത്തി.
പരമ്പരാഗത മേഖല: കയർ, കൈത്തറി, ഖാദി, മത്സ്യ, ഈറ്റ, പനമ്പ്, ബീഡി-സിഗാർ മേഖലകളിലെ 1,97,093 തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം ഇതുവരെ 82.02 കോടി രൂപ വിതരണം ചെയ്തു. 2026-27 ബജറ്റ് വിഹിതത്തിലെ ശേഷിക്കുന്ന 94.75 കോടി രൂപ ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യും.

മറ്റ് തീരുമാനങ്ങൾ: മരംകയറ്റ തൊഴിലാളി അവശത പെൻഷനും അപകട ധനസഹായവും തുടരും. 2025-26 ൽ 1,030 പേർക്ക് 1.66 കോടി രൂപ പെൻഷനായി അനുവദിച്ചു. ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക നിയമത്തിന്റെ കരട് തയ്യാറായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വിശ്രമ കേന്ദ്രങ്ങളും ചാർജിംഗ് സ്റ്റേഷനുകളും ഒരുക്കും. ഗാർഹിക തൊഴിലാളികളുടെ ക്ഷേമവും ഐ.ആർ.സി പുനഃസംഘടനയും പരിഗണിക്കും.

യോഗത്തിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, വിവിധ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button