Sports

ആ പോരാട്ടവീര്യമാണ് ഞങ്ങളുടെ കിരീടം’; അർജന്റീന ആരാധകരോട് ക്ഷമ ചോദിച്ച് ലയണൽ സ്കലോണി

Please complete the required fields.




ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ അർജന്‍റീന ആരാധകരോട് വികാരാധീനനായി ക്ഷമാപണം നടത്തി പരിശീലകൻ ലയണൽ സ്കലോണി.

തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ ഒരു ആഴ്ച സമയമെടുത്ത ശേഷമാണ് സ്കലോണി ഇൻസ്റ്റഗ്രാമിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. ആരാധകർക്ക് മറ്റൊരു ലോകകപ്പ് കിരീടം സമ്മാനിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ കളിക്കാർ തങ്ങളുടെ സർവ്വസ്വവും നൽകിയാണ് മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

“സങ്കടവും സന്തോഷവും കണ്ണീരും പുഞ്ചിരിയും കലർന്ന ഒരു വാരത്തിന് ശേഷമാണ് ഞാൻ ഇത് എഴുതുന്നത്. നിങ്ങൾക്ക് മറ്റൊരു കിരീടം കൂടി നൽകാനും കുറച്ചു ദിവസത്തേക്കെങ്കിലും ജീവിതത്തിലെ വിഷമതകൾ മറന്ന് സന്തോഷിപ്പിക്കാനും സാധിക്കാത്തതിന്റെ പേരിൽ ഞാൻ ക്ഷമ ചോദിക്കുന്നു,” സ്കലോണി കുറിച്ചു.
താൻ ഭാര്യയോട് എപ്പോഴും പറയാറുള്ളത് പോലെ അർജന്റീന കളിക്കാർ തന്റെ ‘യോദ്ധാക്ക’ളാണെന്ന് വിശേഷിപ്പിച്ച സ്കലോണി, അസാധ്യമെന്ന് തോന്നുമ്പോഴും വിട്ടുകൊടുക്കാതെ അവസാന നിമിഷം വരെ പോരാടിയ ആ പോരാട്ടവീര്യമാണ് തങ്ങളുടെ യഥാർത്ഥ കിരീടമെന്നും കൂട്ടിച്ചേർത്തു. കോച്ചിംഗ് സ്റ്റാഫിനും കളിക്കാർക്കും അർജന്‍റീന ഫുട്ബോള്‍ അസോസിയേഷനും (എഎഫ്എ) ആരാധകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അധിക സമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിൻ അർജന്‍റീനയെ തകർത്ത് കിരീടം ചൂടിയത്. ലയണൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീമിന് സ്പെയിനിന്റെ പ്രതിരോധ പൂട്ട് പൊളിക്കാനായിരുന്നില്ല.

2022 ലോകകപ്പ് നേട്ടത്തിലേക്കും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളിലേക്കും അർജന്‍റീനയെ നയിച്ച സ്കലോണിയും നായകൻ ലയണൽ മെസിയും ടീമിലെ തങ്ങളുടെ ഭാവി ഉടൻ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കരാർ അവസാനിക്കുന്ന ഡിസംബറിൽ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് സ്കലോണി സൂചന നൽകിയിട്ടുണ്ട്. ഇനി ഒരു ലോകകപ്പിൽ കളിക്കില്ലെന്നും അർജന്‍റീനയിൽ ഔദ്യോഗിക മത്സരം ഉണ്ടാകില്ലെന്നും മെസിയും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button