India

അഹമ്മദാബാദിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; വൻ തീപിടിത്തത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് പരിക്കേറ്റു

Please complete the required fields.




അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തെ തുടർന്നുള്ള തീപിടിത്തത്തിൽ 8 പേർ മരിച്ചു. അപകടത്തിൽ 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി എൽ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി മുഴുവനായും തീപിടിക്കുകയായിരുന്നു. തീ അണയ്ക്കുന്നതിനായി അഗ്നിശമന സേനയുടെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പണിപ്പെട്ടു.

നിലവിൽ ഫാക്ടറിക്കുള്ളിൽ അവശേഷിക്കുന്ന തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനൊപ്പം അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ള അടിയന്തര സേനാവിഭാഗങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അന്തിമ മരണനിരക്കോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോലീസും അഗ്നിശമന വിഭാഗവും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ, സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നിവയും അധികൃതർ പരിശോധിച്ചു വരികയാണ്. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതോടെയും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെയും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

Related Articles

Back to top button