Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ ‘ഓപ്പറേഷൻ തൂഫാൻ’; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ

Please complete the required fields.




കോഴിക്കോട്: പേരാമ്പ്രയിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. 51.432 ഗ്രാം എംഡിഎംഎയും 8.5 ലക്ഷം രൂപയുമായി മൂന്നുപേരെ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര വാല്യക്കോട്ട് വെച്ചായിരുന്നു പരിശോധന.ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ പുലർച്ചെ വാല്യക്കോട് – മുളിയങ്ങൽ റോഡിൽ വെച്ചാണ് പ്രതികളെ വളഞ്ഞത്. കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച KA 53 MD 5418 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 51 ഗ്രാമിലേറെ എംഡിഎംഎ. ലഹരിവിൽപ്പനയിലൂടെ ലഭിച്ച 8.5 ലക്ഷം രൂപ കാറിന്റെ സീറ്റിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന ലഹരി മൊത്തവിതരണക്കാരാണ് പിടിയിലായവർ. കഴിഞ്ഞ ആറ് മാസമായി ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലഹരിവിൽപ്പനയുടെ വിശദവിവരങ്ങൾ പ്രതികൾ സമ്മതിച്ചു.മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന തസ്നീം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലഹരിവിൽപ്പനയിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ലഹരിവിൽപ്പനക്കാരാണ് തസ്നീമും സിറാജും. ആഡംബര കാറുകൾ വാടകയ്ക്ക് എടുത്തും യുവതികളെയും ചെറുപ്പക്കാരെയും ശൃംഖലയിലെ കണ്ണികളാക്കിയുമാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.സ്ത്രീകളെ ലഹരി കടത്തിനുള്ള ചുമട്ടുകാരായി ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് സംഘത്തിലെ എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എഎസ്ഐമാരായ എൻ.എം. ജയരാജൻ, ഷാജി വി.വി., ബിനീഷ് വി.സി., സദാനന്ദൻ വി., സുനിൽ കുമാർ സി.എം., സീനിയർ സിപിഒമാരായ ജിനീഷ് പി.പി., അനസ് പി.കെ., അഖിലേഷ് ഇ.കെ., സിപിഒമാരായ അനൂപ് സെൻ, ലിധിൻ ഡി.ബി., റിജേഷ് ഒ.എം., മിഥുൻ മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button