അനുവാദമില്ലാതെ ബൈക്കെടുത്ത് കറങ്ങിയത് ചോദ്യം ചെയ്ത സുഹൃത്തിന്റെ കണ്ണിൽ പേന കുത്തി പ്രതി പിടിയിൽ

തൃശൂർ: സുഹൃത്തിന്റെ ബൈക്ക് അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയത് ചോദ്യം ചെയ്തതിന് പേനകൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ സ്ഥിരം കുറ്റവാളിയായ യുവാവ് പിടിയിലായി. മേലൂർ പൂലാനി സ്വദേശി ഞാറയ്ക്കൽ വീട്ടിൽ സുമിത്ത് (27) ആണ് അറസ്റ്റിലായത്.
മേലൂർ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടിൽ ജിൽജിത്തിനാണ് (33) ആക്രമണത്തിൽ പരിക്കേറ്റത്. ജൂലൈ ആറിന് രാത്രി 8.30 ഓടെ ഇവർ ജോലി ചെയ്യുന്ന പൂലാനി കോലോത്തും കടവിന് സമീപമുള്ള കമ്പനി മുറിയിലായിരുന്നു സംഭവം.ജിൽജിത്തിന്റെ മോട്ടോർ സൈക്കിൾ സുമിത്ത് അനുവാദമില്ലാതെ കൊണ്ടുപോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. വാഹനം കൊണ്ടുപോയ സമയത്ത് സുമിത്ത് സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തിരുന്നു.
ഇതിനെക്കുറിച്ച് ജിൽജിത്ത് ചോദിക്കുകയും ഇനി വണ്ടി നൽകില്ലെന്ന് താക്കീത് ചെയ്യുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. തടഞ്ഞുനിർത്തിയ ശേഷം സുമിത്ത് പേനകൊണ്ട് കുത്തിയതിനെ തുടർന്ന് ജിൽജിത്തിന്റെ ഇടതുകണ്ണിന് സമീപം ആഴത്തിൽ പരിക്കേറ്റു.ആക്രമണത്തിന് ശേഷം, വണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പോലീസിനോട് പറയാൻ പ്രതി ജിൽജിത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും, മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച രണ്ട് കേസുകളിലും ഉൾപ്പെടെ പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സുമിത്ത്. കൊരട്ടി പോലീസാണ് പ്രതിയെ പിടികൂടിയത്.




