Kerala

ചേർത്തല താലൂക്ക് ഓഫീസിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ഒഴിവായി

Please complete the required fields.




ചേർത്തല: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീണു. രാവിലെ ഒൻപതരയോടെ ലാൻഡ് റവന്യൂ തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് സംഭവം. ഓഫീസ് കംപ്യൂട്ടറുകൾക്ക് മുകളിലേക്കാണ് കോൺക്രീറ്റ് കഷണങ്ങൾ വീണത്. ഉദ്യോഗസ്ഥരും പൊതുജനങ്ങളും പൂർണ്ണമായി ഓഫീസിൽ എത്തിച്ചേരാത്ത സമയത്തായതിനാൽ വലിയൊരു അപകടം ഒഴിവായത് ആശ്വാസമായി.

കെട്ടിടത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും പലയിടത്തായി വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടം അപകടാവസ്ഥയിലാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

മഴ ശക്തമായതോടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്ന അവസ്ഥയിലായി. ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന ഈ വിഭാഗത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നോ അല്ലെങ്കിൽ സുരക്ഷിതമായ മറ്റൊരു സംവിധാനം ഒരുക്കണമെന്നോ ഉള്ള ആവശ്യം ശക്തമാണ്.
അതേസമയം, പുതിയ താലൂക്ക് ഓഫീസ് അനക്സ് നിർമാണത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പി. പ്രസാദ് എം.എൽ.എ അറിയിച്ചു. കെട്ടിടത്തിന്റെ ഡിസൈനിൽ വരുത്തേണ്ടി വന്ന ചില മാറ്റങ്ങളാണ് നിർമാണം വൈകാൻ കാരണമായത്.

ഈ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും, അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി അടുത്ത ദിവസം യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കും.

Related Articles

Back to top button