
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഗണ്യമായ കുറവ്. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 12,905 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 1,03,240 രൂപയുമായി വില താഴ്ന്നു. ആഗോള വിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സ്‌പോട്ട് ഗോൾഡ് നിരക്ക് 0.7 ശതമാനം കുറഞ്ഞ് 3,979.41 ഡോളറിലെത്തി.
യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഔൺസിന് 3,942.99 ഡോളറായും കുറഞ്ഞു. യുഎസ് ട്രഷറി വരുമാനത്തിലെ വർദ്ധനവും, ഇറാൻ-യുഎസ് സമാധാന കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളുമാണ് സ്വർണ്ണവില താഴാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും സ്വർണ്ണ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.
സെപ്റ്റംബർ മാസത്തിൽ പലിശനിരക്ക് വർദ്ധനയുണ്ടാകുമെന്ന് വിപണി നിരീക്ഷകർ ഭൂരിഭാഗവും കരുതുന്നു. സ്വർണ്ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം, പല്ലേഡിയം തുടങ്ങിയ ലോഹങ്ങളുടെ വിലയും ആഗോളതലത്തിൽ ഇടിഞ്ഞിട്ടുണ്ട്. സ്‌പോട്ട് സിൽവർ നിരക്ക് 1.4 ശതമാനം കുറഞ്ഞ് 57.75 ഡോളറിലും, പ്ലാറ്റിനം 1,542 ഡോളറിലേക്കും പല്ലേഡിയം 1,199.34 ഡോളറിലേക്കും താഴ്ന്നു.





