Thiruvananthapuram

വിവാഹം നിശ്ചയിച്ചിരിക്കെ അപകടം; തിരുവനന്തപുരത്ത് കെഎസ്ആർടിസി തെന്നി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Please complete the required fields.




തിരുവനന്തപുരം : ബ്രേക്കിട്ടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നിമാറി കാറിലിടിച്ച് യുവാവ് മരിച്ചു. അമരവിള സ്വദേശി അരുൺകൃഷ്ണൻ(26) ആണ് മരിച്ചത്.

ഓഗസ്റ്റ് 23-ന് മരുതത്തൂർ സ്വദേശിനിയുമായി അരുണിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. കരമന-കളിയിക്കാവിള റോഡിൽ അമരവിള എക്‌സൈസ് ചെക്പോസ്റ്റിനു സമീപത്ത് ബുധനാഴ്ച രാവിലെ എട്ടിനാണ് അരുൺ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടസമയം മഴ പെയ്യുന്നുണ്ടായിരുന്നു.മുൻപേപോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ബസ് വലത്തോട്ട് വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിരേവന്ന അരുൺകൃഷ്ണൻ ഓടിച്ച കാറിൽ ഇടിക്കുകയായിരുന്നു.

അപകടശേഷം തൊട്ടടുത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക്‌ ബസ് ഇടിച്ചുകയറി. ജി. ഫൈവ് ഗ്രൂപ്പിലെ ഡ്രൈവറാണ് മരിച്ച അരുൺകൃഷ്ണൻ. ബന്ധുവിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി വീട്ടിൽനിന്ന്‌ നെയ്യാറ്റിൻകരയിലേക്കു വരുമ്പോഴായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽനിന്ന്‌ അഗ്നിശമനസേനക്കാരെത്തിയാണ് ബസും കാറും തമ്മിൽ വേർപെടുത്തിയത്.ഇതിനുശേഷം കാർ വെട്ടിപ്പൊളിച്ചാണ് അരുൺകൃഷ്ണനെ പുറത്തെടുത്തത്. പാപ്പനംകോട് ഡിപ്പോയിലെ എം.പാനൽ ഡ്രൈവറായ പി.ഷിബുവാണ് ബസ് ഓടിച്ചിരുന്നത്. അപകടസ്ഥലത്തുതന്നെ അരുൺകൃഷ്ണൻ മരിച്ചു. ആതിരാദേവിയാണ് അരുൺകൃഷ്ണന്റെ സഹോദരി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Related Articles

Back to top button