
കോഴിക്കോട് : കോഴിക്കോട് ഒരാൾക്കുകൂടി മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള അറുപത്തിമൂന്ന് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയാണ് രോഗബാധിതനായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി കടുക്കുകയും മലേറിയ പരിശാേധനയിൽ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നയിടത്താണ് രോഗബാധിതനും താമസിക്കുന്നത്. ഇവരിലാർക്കെങ്കിലും മലേറിയ ഉണ്ടായിരുന്നിരിക്കാമെന്നും അതുവഴിയാകാം രോഗം ഇയാളിലേക്കും ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. രോഗസ്ഥിരീകരണത്തിനു പിന്നാലെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ രോഗബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് ഇയാൾ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്.





