രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ,’; നിപയെ ഒറ്റക്കെട്ടായി പൊരുതാമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് മുൻ മന്ത്രി പറഞ്ഞു.
രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം ശാസ്ത്രീയമായി രൂപപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും പ്രതിരോധ ഗൈഡ്‌ലൈനുകളും കൈവശമുണ്ടെന്നും, പ്രതിസന്ധികളിൽ ജനങ്ങളെ ചേർത്തുപിടിച്ച് ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് എൽഡിഎഫ് സമീപനമെന്നും അവർ വ്യക്തമാക്കി.
നിപ പശ്ചാത്തലത്തിൽ, കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പഴയൊരു പ്രസംഗം പലരും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വീണ ജോർജ് പോസ്റ്റിൽ പരാമർശിച്ചു. എന്നാൽ ഇതിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ലെന്നും ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും പറഞ്ഞ അവർ, പകർച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു.





