വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകും; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ സുപ്രധാന പ്രഖ്യാപനം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ സുപ്രധാന പ്രഖ്യാപനം. വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം സംസ്ഥാനത്ത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യു.ഡി.എഫ് സർക്കാർ.
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും.തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
കേരളത്തിന്റെ ആരോഗ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാധാരണക്കാരുടെ കണ്ണീരൊപ്പിയ പദ്ധതിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ.
ആ കാരുണ്യത്തിന്റെ സ്മരണകളെ വീണ്ടും ഉണർത്തിക്കൊണ്ടാണ് യുഡിഎഫ് പുതിയ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്. വോട്ടർമാർക്കിടയിൽ ഇത് വലിയ ചർച്ചയായിരുന്നു. സാധാരണക്കാരുടെ ചികിത്സാച്ചെലവുകൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.മധ്യവർഗത്തെയും ദരിദ്രരെയും ഒരുപോലെ ഭയപ്പെടുത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്തെ ഭീമമായ ചികിത്സാച്ചെലവുകൾ. അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കാൻസറോ, ഹൃദ്രോഗമോ, വാഹനാപകടമോ മതി ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതസമ്പാദ്യം മുഴുവൻ ഇല്ലാതാക്കാൻ.
നിലവിലുള്ള പല സർക്കാർ ഇൻഷുറൻസ് പദ്ധതികളും സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കോ ദീർഘകാല ചികിത്സകൾക്കോ പൂർണമായും പര്യാപ്തമല്ല എന്നതാണ് യാഥാർഥ്യം. ഇത് മനസിലാക്കിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നില്ല. എന്നുമുതൽ നടപ്പിലാക്കുമെന്നും വ്യക്തമല്ല. കാരുണ്യ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുകയാണോ അതോ മറ്റ് സർക്കാർ ഇൻഷുറൻസ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്നുള്ളത് തുടർന്നുള്ള ദിവസങ്ങളിലെ വ്യക്തമാകു. തിരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് സാന്പത്തിക ഭേദമന്യെ എല്ലാവരെയും ഉൾക്കൊള്ളുന്ന പദ്ധതിയാകുമോ അല്ലയോ എന്നുള്ളത് വരും ദിനങ്ങളിലെ വ്യക്തമാകു.





