World

ചൈനയെ നടുക്കി വൻ ദുരന്തം; കൽക്കരി ഖനിയിൽ ശക്തമായ സ്ഫോടനം, 90 തൊഴിലാളികൾക്ക് ദാരുണാന്ത്യം

Please complete the required fields.




ബെയ്ജിങ്: ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ശക്തമായ കൽക്കരി ഖനി സ്‌ഫോടനത്തിൽ 90 തൊഴിലാളികൾ മരണപ്പെട്ടു. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് വൻ ദുരന്തത്തിന് കാരണമായ വാതക സ്‌ഫോടനമുണ്ടായത്.

അപകടം നടക്കുമ്പോൾ 247 ഓളം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കനത്ത പുക കുന്നുകൂടിയ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ചൈനീസ് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടവിവരമറിഞ്ഞ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നേരിട്ട് ഇടപെടുകയും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കാനും അടിയന്തര നിർദേശം നൽകുകയും ചെയ്തു.
ദുരന്തത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ പോലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതിനെ തുടർന്ന് ചൈനയിലെ ഖനി അപകടങ്ങളുടെ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ സുരക്ഷാ ക്രമീകരണങ്ങളെയെല്ലാം കാറ്റിൽപ്പറത്തി സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ ലിയുഷെന്യൂവിലുണ്ടായ ഈ വാതക സ്‌ഫോടനം.

Related Articles

Back to top button