ദാമോദര മേനോൻ മകൻ; മുഖ്യമന്ത്രി വിഡി സതീശന് ‘ജാതിവാൽ മുളച്ചെന്ന്’ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് എംഎൽഎയായി സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ വെറും വിഡി സതീശൻ. മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞയിൽ ‘ദാമോദര മേനോൻ മകൻ വിഡി സതീശൻ’. ഇപ്പോൾ മുഖ്യമന്ത്രി വിഡി സതീശന് “ജാതിവാൽ മുളച്ചെന്ന് ” സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച.
പുരോഗമനപരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നേതാവ്, തന്റെ അധികാരാരോഹണ വേളയിൽ ജാതി സൂചിപ്പിക്കുന്ന പേര് (മേനോൻ) ബോധപൂർവ്വം ഉപയോഗിച്ചത് പിന്നോട്ടുള്ള പോക്കാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
“എംഎൽഎ ആയപ്പോൾ ഇല്ലാത്ത പിതൃസ്നേഹം മുഖ്യമന്ത്രിയായപ്പോൾ ജാതിവാൽ ചേർത്ത് പ്രകടിപ്പിക്കുന്നത് സവർണ്ണ വോട്ടുകളെ പ്രീണിപ്പിക്കാനാണോ?” എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.കോൺഗ്രസ് നേതാവ് ജിന്റോ ജോണും കോണ്‍ഗ്രസ് വക്താവ് വി ആര് അനൂപും ഉൾപ്പടെ നിരവധിപേരാണ് ഈ ജാതിവാലിന് വിമർശനം അറിയിച്ചിട്ടുള്ളത്.
വി ഡി സതീശന് അംബേദ്ക്കറെ വായിക്കാന്‍ അധികസമയം കണ്ടെത്തണം എന്ന് വി ആര് അനൂപ് വിമര്‍ശിച്ചു. മുന്‍ സത്യപ്രതിജ്ഞകളില്‍ വരാത്ത മേനോന് എന്നത് ഇപ്പോള്‍ എങ്ങനെ വന്നു എന്നും ജാതി ഒരേസമയം സാമൂഹിക മൂലധനവും സാമൂഹിക അധികാരവുമാണെന്നും അനൂപ് വി ആര് ചൂണ്ടിക്കാട്ടി.
‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി.
പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം’ എന്നായിരുന്നു ജിന്റോ ഫേസ്ബുക്കിൽ കുറിച്ചത് .ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയ പരാമർശം അല്ല. അനവസരത്തിൽ ജാതിവാലുകൾ മുളയ്ക്കുന്നത് കോൺഗ്രസിന് നല്ലതല്ല. ജാതിവാലുകൾ കോൺഗ്രസിന് ബാധ്യത ആണ്. ഇന്നത്തെ തലമുറയിൽ വി ഡി സതീശന്റെ പേര് അങ്ങനെ വേറെ രീതിയിൽ ചിത്രീകരിക്കപ്പെട്ടുകൂടാ.
20 വർഷമായി ഇൻസ്പെയർ ചെയ്ത നേതാക്കളിൽ നിന്ന് ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ ഫീൽ ചെയ്യും. ഇത്രയും കാലം ഇല്ലാത്തത് പുതുതായി വരുമ്പോഴാണ് പ്രശ്നം.
ജാതിവരമ്പുകൾക്കപ്പുറം അതിനെല്ലാം എതിരെ പോരാടുന്ന നെഹ്റുവിയൻ ലെഫ്റ്റ് കോൺഗ്രസ് നേതാവാണ് വി ഡി സതീശനെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തെ നാളെയും അങ്ങനെ തന്നെ കാണാനാണ് ആഗ്രഹം. സത്യപ്രതിജ്ഞയിൽ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമെന്നും ജിന്റോ പറഞ്ഞു.അതേസമയം, പിതാവിന്റെ പേര് ചേർക്കുന്നത് സ്വാഭാവികമായ ഒരു നടപടി മാത്രമാണെന്നും അതിൽ ജാതി തിരയുന്നത് അനാവശ്യമാണെന്നും സതീശൻ അനുകൂലികൾ വാദിക്കുന്നു.
കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും സത്യപ്രതിജ്ഞാ വേളയിൽ പിതാവിന്റെ പേര് പരാമർശിക്കാറുണ്ടെന്നും ഇത് ഔദ്യോഗികമായ ഒരു രീതി മാത്രമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.





