കേരളത്തിൽ ഇനി സതീശൻ യുഗം, 21 അംഗ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ദൈവനാമത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഷിബു ബേബി ജോണും സി.പി ജോണും സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായും ഓരോ മന്ത്രിമാരുമുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കളും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു.
അതേസമയം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാകും പുതിയ യുഡിഎഫ് സർക്കാരിന്റെ ഭരണമെന്ന് നിയുക്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തേക്കോ ആഭ്യന്തര വകുപ്പിലേക്കോ എത്താൻ താൻ യാതൊരുവിധ പോരാട്ടവും നടത്തിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി തന്നോട് ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ പാർട്ടിയിൽ എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ കഴിയാത്തതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ഹാപ്പിയാണോ എന്നതല്ല, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “പാർട്ടി എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. എന്റെ ഇരുപത്തിയേഴാം വയസ്സിൽ ഞാൻ എംഎൽഎയായി. ഇരുപത്തിയെട്ടാം വയസ്സിൽ മന്ത്രിയുമായി. ആ റെക്കോർഡ് ഇതുവരെ ആരും തകർത്തിട്ടില്ല. പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഭംഗിയായി നിർവഹിക്കും.” പുതിയ ഭരണത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ജനപക്ഷത്തുനിന്നുള്ള പ്രവർത്തനങ്ങൾക്കായിരിക്കും തന്റെ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.





