
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് (NEET UG) മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പുനഃപരീക്ഷ നടക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. മുൻപ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർ പുതുതായി രജിസ്റ്റർ ചെയ്യുകയോ വീണ്ടും ഫീസ് അടയ്ക്കുകയോ വേണ്ടതില്ല.
പുനഃപരീക്ഷയ്ക്കുള്ള പുതിയ ഹാൾടിക്കറ്റുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഉടൻ വിതരണം ചെയ്യും. മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നതാണ് പുതിയ വിജ്ഞാപനം. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ കർശന സുരക്ഷാ ക്രമീകരണങ്ങളായിരിക്കും ഇത്തവണ ഏർപ്പെടുത്തുക.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെക്കൻ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. രാജസ്ഥാൻ സ്വദേശിയായ ഈ വിദ്യാർത്ഥി ചോദ്യപേപ്പർ ഫോർവേഡ് ചെയ്തെന്ന് കണ്ടെത്തിയിരുന്നു. വിശദാംശങ്ങൾ ശേഖരിച്ച ഏജൻസി ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് നടത്തുന്നത്.





