ഇടുക്കി പൂപ്പാറയില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നു, പൊളിച്ച് നീക്കേണ്ടത് 88 കെട്ടിടങ്ങൾ, സ്ഥലത്ത് വൻ പൊലീസ് സന്നാഹം

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി നിര്‍മ്മിച്ച ചില കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതില്‍ 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു നീക്കുകയാണ്. ജെസിബി ഉള്‍പ്പെടെ എത്തിച്ചാണ് പൊളിച്ചു നീക്കല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 500 പൊലീസുകാരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2007 ലെ മൂന്നാര്‍ പൊളിക്കലിന് ശേഷം ഇടുക്കിയില്‍ നടക്കുന്ന ഏറ്റവും വലിയ കയ്യേറ്റം ഒഴിപ്പിക്കലാണ് ഇത്.
2024ല്‍ മൂന്ന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉടമകള്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളുകയായിരുന്നു.ഏറ്റെടുത്ത കെട്ടിടങ്ങളില്‍ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളോട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചതിനെത്തുടര്‍ന്ന് 24 മണിക്കൂറില്‍ ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.





