തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി; ഇടുക്കിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ബന്ധു കസ്റ്റഡിയിൽ

ഇടുക്കി: ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ജഗൻ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജഗൻ മോഹന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ നാലാം തീയതി ഉച്ചയോടെയാണ് ശാന്തിയുടെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. വീട്ടിലെത്തിയ രാമകൃഷ്ണനും ശാന്തിയും തമ്മിൽ തർക്കമുണ്ടാകുകയും, ഇതിനൊടുവിൽ രാമകൃഷ്ണൻ ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ആദ്യം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടെത്തുകയായിരുന്നു. തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയായ രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണൻ ശാന്തിയുടെ വീട്ടിൽ എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.





