
തൃശൂര്‍: നാട്ടികയിൽ ആറരക്കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി തൊട്ടാരത്ത് നന്ദുകൃഷ്ണ (21) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീൻപിടുത്തക്കാരൻ എന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിയിരുന്ന നാട്ടിക ബീച്ച് സ്വദേശി വിഷ്ണുവിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. വിഷ്ണുവിന്റെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിൽ ആറരക്കിലോ കഞ്ചാവും അഞ്ച് വടിവാളുകൾ, കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തു. നന്ദുകൃഷ്ണയ്ക്ക് ഈ ലഹരി ഇടപാടിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.
നാട്ടിലെ തോടുകളിലും കുളങ്ങളിലും മീന്‍പിടിക്കാനെന്ന മട്ടില്‍ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും വലപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന വലപ്പാട് സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് ഷെജി (30) എന്നയാളെ മാര്‍ച്ച് 14നും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. വലപ്പാട് പൊലീസ് എസ്.എച്ച്.ഒ. കെ. അനില്‍കുമാര്‍, എസ്.ഐ. എബിന്‍, സി.പി.ഒമാരായ ശ്രാവണ്‍, വിവേക്, ആദര്‍ശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.





