
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നേരത്തെ രണ്ട് ജില്ലകളിൽ മാത്രം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് മാറ്റി ആറ് ജില്ലകളിൽ മുന്നറിയിപ്പ് നൽകി.
വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
നേരത്തെ തൃശൂരും എറണാകുളത്തുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.





