
കടലുണ്ടി : പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുമ്പോഴും കടലുണ്ടി പഞ്ചായത്തിൽ വീണ്ടും പുഴനികത്തി അനധികൃതനിർമാണം നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് സ്ഥലത്തെത്തിയ കടലുണ്ടി ഔട്ട്പോസ്റ്റ് പോലീസ് ജോലികൾ നിർത്തിവെക്കാൻ നിർദേശം നൽകി. തിങ്കളാഴ്ചയാണ് സംഭവം.
കടലുണ്ടിപ്പുഴയിലെ പ്രധാന കൈത്തോടായ കടലുണ്ടിക്കടവ് ചെമ്പൈത്തോട് സ്വകാര്യവ്യക്തി നിയമംതെറ്റിച്ച് മണ്ണിട്ടുനികത്തുകയും കരിങ്കൽഭിത്തികെട്ടി അതിരുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി കടലുണ്ടിപ്പുഴ സംരക്ഷണസമിതി പ്രസിഡന്റ് പി. കൃഷ്ണദാസ് പരാതിപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് സൂപ്രണ്ടാണ് ഔട്ട്‌പോസ്റ്റ് പോലീസിനെ വിവരമറിയിച്ചത്.
രണ്ടാഴ്ച മുൻപ് പ്രദേശത്തെ കണ്ടൽച്ചെടികൾ വെട്ടിയതായും കണ്ടെത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച ഇതിന്റെ അവശിഷ്ടങ്ങളൊന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നും പുഴസംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു.
രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും തുടരുന്ന നിർമാണമാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് ജോലികൾ നിർത്താൻ നിർദേശം നൽകിയതെന്നും ഔട്ട്‌പോസ്റ്റ് പോലീസ് പറഞ്ഞു. കണ്ടൽസംരക്ഷിതവനമായി പ്രഖ്യാപിച്ച് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് രൂപവത്കരിച്ചതിന്റെ മൂക്കിനുതാഴെയായാണ് കണ്ടൽവെട്ടിയ സംഭവമുണ്ടായിട്ടുള്ളത്. ഏറെക്കാലമായി നിർത്തിവെച്ചിരുന്ന അനധികൃതനിർമാണം വീണ്ടും നടക്കുന്നതായി കാണിച്ച് പി. കൃഷ്ണദാസ് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചതിന് പിന്നാലെ മാർച്ച് 23-ന് കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി അജുരാജു. അസിസ്റ്റന്റ് സെക്രട്ടറി പി. മിനു, വനിതാജീവനക്കാർ എന്നിവർ സ്ഥലപരിശോധനയ്ക്ക് എത്തിയിരുന്നു. കടലുണ്ടിക്കടവിലെ പരിശോധനയിൽ ഏതാനും കണ്ടൽച്ചെടികൾ വെട്ടിനശിപ്പിച്ചതായും സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് സ്റ്റോപ്പ്മെമ്മോ നൽകിയ പ്രവൃത്തിയാണ് രഹസ്യമായി വീണ്ടും തുടങ്ങിയത്.
രണ്ടുവർഷത്തോളമായി ഒളിഞ്ഞുംതെളിഞ്ഞും നടക്കുന്ന നിർമാണമാണെന്നും പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കടലുണ്ടിപ്പുഴസംരക്ഷണസമിതി വീണ്ടും രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പുഴസംരക്ഷണസമിതി പ്രവർത്തകർക്ക് 2024 ജൂൺ 16-ന് ലഭിച്ച വിവരാവകാശരേഖയിലും കൈയേറ്റം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന വിവരം ഉണ്ടായിരുന്നു. തുടർന്നാണ് നടപടികൾ ഊർജിതമായത്. അതോടൊപ്പം കോട്ടക്കടവിലും ഒരു സ്വകാര്യവ്യക്തി പുഴ കൈയേറ്റംനടത്തുന്നതായി കണ്ടെത്തിയെന്നും ഇതിനും പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതായും പുഴസംരക്ഷണസമിതി പറയുന്നു. 2024 ഫെബ്രുവരി എട്ടിന് നൽകിയ പരാതിയിൽ നടപടി വൈകിയതിനെത്തുടർന്ന് മേയ് 15-നാണ് കടലുണ്ടിപ്പുഴസംരക്ഷണസമിതി വിവരാവകാശം വഴി വിവരം ലഭിക്കാൻ നിർദേശം നൽകിയത്. തുടർന്ന് ജൂൺ 13-നാണ് വിവരാവകാശപ്രകാരമുള്ള വിവരങ്ങൾ കിട്ടിയതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.





