
നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഐഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 16,000ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഐഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്
സിപിഐഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തിരഞ്ഞെടുപ്പില്‍ വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്. തളിപ്പറമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്തു.
വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ടി കെ ഗോവിന്ദന്‍ 6363 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂരില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍ 3884 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടു തട്ടിപ്പുമായി ബന്ധപ്പെട്ട്, എംഎല്‍എയായ ടി ഐ മധുസൂദനനെതിരെ ആരോപണം ഉയര്‍ത്തിയാണ് കുഞ്ഞികൃഷ്ണന്‍ സിപിഐഎമ്മുമായി ഇടഞ്ഞത്. സിറ്റിങ്ങ് എംഎല്‍എ മധുസൂദനനെ തന്നെയാണ് പയ്യന്നൂരില്‍ ഇത്തവണയും സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി തോൽവി ഏറ്റുവാങ്ങി. LDF വിജയിച്ചു. കെ. പ്രേംകുമാർ 26910 വോട്ടുകൾക്ക് വിജയിച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷിനെയാണ് യുഡിഎഫ് പിന്തുണച്ചത്. സിപിഎമ്മിന്റെ സിറ്റിങ്ങ് എംഎല്‍എ എ പ്രഭാകരനാണ് മലമ്പുഴയില്‍ ലീഡ് ചെയ്യുന്നത്.





