
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, വേങ്ങര മണ്ഡലത്തിൽ ആഘോഷങ്ങൾ ആരംഭിച്ച് യുഡിഎഫ് പ്രവർത്തകർ.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇവിടെ, വൻ വിജയപ്രതീക്ഷയിലാണ് പ്രവർത്തകർ മധുരപലഹാര വിതരണം നടത്തിയത്. വിജയമുറപ്പിച്ചെന്ന വിശ്വാസത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പച്ച ലഡു വിതരണം ചെയ്തു.
ആഘോഷങ്ങൾ ഒരു ദിവസം നേരത്തെ തുടങ്ങിയതാണെന്നും വോട്ടെണ്ണൽ ദിനമായ ഇന്ന് ടിക്കെട്ട് ഉൾപ്പെടെയുള്ള വമ്പിച്ച പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.സബാഹ് വേങ്ങര എൽഡിഎഫിനായി പോരാട്ടത്തിനിറങ്ങിയ മണ്ഡലത്തിൽ ഫലം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഇത്തവണ 27 സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗ്, പാർട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെയും വിധി നാളെ അറിയാനിരിക്കെ, വേങ്ങരയിലെ ഈ നേരത്തെയുള്ള ആഘോഷം ശ്രദ്ധേയമാവുകയാണ്. മണ്ഡലത്തിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടെണ്ണലിന് മുന്നോടിയായി വലിയ ആവേശമാണ് നിലനിൽക്കുന്നത്.





