India

മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ദുരിതത്തിൽ; നൽകുന്നത് പുഴുവും പാറ്റയുമുള്ള ഭക്ഷണം

Please complete the required fields.




മൈസൂർ: മൈസൂരിലെ അഞ്ച് നഴ്സിംഗ് കോളേജുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകുന്നതായി പരാതി. ഒരു പൊതു മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണത്തിൽ പാറ്റയും ചോരയും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചോറിൽ നിന്ന് പാറ്റയെയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് കഷണങ്ങളും ലഭിക്കുന്നത് പതിവാണ്. കോഴിക്കറിയിൽ തൂവലും ചോരയും കലർന്ന നിലയിലാണ് ലഭിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണത്തിനായി പ്രതിവർഷം 80,000 രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ ഇവർക്ക് അനുവാദമില്ല.പരാതിപ്പെടുന്ന വിദ്യാർത്ഥികളെ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും സർട്ടിഫിക്കറ്റ് നൽകില്ലെന്നും പറഞ്ഞ് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തുന്നു. ‘ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്’ എന്ന ഏജൻസിയും കോളേജുകളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

വിദ്യാർത്ഥികൾക്ക് ദുരിതം സമ്മാനിക്കുന്ന ഈ മെസ്സ് നടത്തുന്നത് മലയാളികൾ തന്നെയാണെന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നു. ഭക്ഷണത്തിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പുറത്തുവിട്ടിട്ടുണ്ട്. അധികൃതർക്ക് പരാതി നൽകിയാലും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

Related Articles

Back to top button