
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് കടലിൽവെച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാർക്കാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ നാലുപേർ കുഴഞ്ഞുവീണു.
തീരത്തുനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് സംഭവം. ബോട്ടിന്റെ എഞ്ചിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കാൻ പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. എഞ്ചിൻ റൂമിനുള്ളിലെ പുകയോ വാതകമോ ശ്വസിച്ചതാകാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.



