കണ്ണീർയാത്ര….! ഒറ്റദിവസംകൊണ്ട് അനാഥമായത് ഒരു സ്കൂൾതന്നെ; എട്ട് അധ്യാപകരിൽ പാങ്ങ് സ്‌കൂളിൽ ഇനിയുള്ളത് നാലുപേർമാത്രം

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ ഒരു സ്കൂളിനെ നയിച്ച അധ്യാപകരെയാണ് പാങ്ങിന് നഷ്ടമായത്. ആകെ എട്ട് അധ്യാപകർ ഉണ്ടായിരുന്ന സ്കൂളിൽ ഇനി ബാക്കിയുള്ളത് നാല് പേരാണ്. പ്രധാന അധ്യാപിക അജിതയും ഇരു കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാത്ത മജീദ് മാഷും ഉൾപ്പെടെ അഞ്ച് പേരെയാണ് സ്കൂളിന് നഷ്ടമായത്. പ്യൂൺ ഗോപാലകൃഷ്ണൻ, എൽപി വിഭാഗം അധ്യാപിക ഹസ്‌നത്ത്, എൽകെജി അധ്യാപികമാരായ റസീന, യശോദ എന്നിവരാണ് സ്കൂളിൽ ഇനിയുള്ളത്.
സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന 13 അംഗ സംഘമാണ് വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി സന്ദർശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി. തുടർന്ന് വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ചുരമിറങ്ങുന്നതിനിടെ 13ാം ഹെയർപിൻ വളവിൽവച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തുടർന്ന് ഒൻപതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നുമാണ് കോയമ്പത്തൂർ പൊലീസ് പറഞ്ഞത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. തമിഴ്‌നാട് പൊലീസും മറ്റ് വിവിധ വകുപ്പുകളും ചേർന്ന് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് നടത്തിയത്.
സംസ്ഥാന ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.അതേസമയം വാഹന ദുരന്തത്തിൻ്റെ നടുക്കത്തിൽ കേരളം. മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. രാവിലെ ആറേ കാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്.പാങ്ങ് പള്ളിപറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് പൊതുദർശനം നടക്കും. പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.





