
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-നാണ് മത്സരം. തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ഇറങ്ങുമ്പോൾ, ഒരു ജയം പോലുമില്ലാതെ പ്രതിസന്ധിയിലാണ് കൊൽക്കത്ത.
കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ കൊൽക്കത്തയ്ക്ക് മഴ മൂലം ലഭിച്ച ഒരു പോയിന്റ് മാത്രമാണുള്ളത്. ഗില്ലിന്റെ തട്ടകത്തിൽ ആധിപത്യം ഉറപ്പിക്കാൻ ഗുജറാത്ത് ശ്രമിക്കുമ്പോൾ, തിരിച്ചുവരവിനായുള്ള കഠിന ശ്രമത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.
ബാറ്റിങ്ങിൽ അംഗ്രിഷ് രഘുവംശി ഒഴികെ മറ്റെല്ലാവരും കൊൽക്കത്ത നിരയിൽ നിരാശപ്പെടുത്തുകയാണ്. നായകൻ അജിങ്ക്യ രഹാനെയുടെ ബാറ്റിങ് പൊസിഷനിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ഫിൻ അലൻ, കാമറൂൺ ഗ്രീൻ, റിങ്കു സിംഗ് എന്നിവരുടെ മോശം ഫോം ടീമിന് വലിയ തിരിച്ചടിയാണ്.ബൗളിങ്ങിലും സ്ഥിതി വ്യത്യസ്തമല്ല; വരുൺ ചക്രവർത്തി-സുനിൽ നരൈൻ സ്പിൻ സഖ്യം പഴയ ഫോമിലേക്ക് തിരിച്ചെത്തിയാൽ മാത്രമേ ടീമിന് പ്രതീക്ഷയുള്ളൂ. നിലവിൽ കാർത്തിക് ത്യാഗി മാത്രമാണ് ഭേദപ്പെട്ട രീതിയിൽ പന്തെറിയുന്നത്. അതേസമയം, ഓപ്പണർമാരായ ശുഭ്മൻ ഗില്ലിനും സായ് സുദർശനൊപ്പം ജോസ് ബട്‌ലർ കൂടി ഫോമിലായത് ഗുജറാത്തിന് വലിയ ആശ്വാസം നൽകുന്നുണ്ട്.
ഹാട്രിക് ജയം ലക്ഷ്യമിടുന്ന ടൈറ്റന്‍സിന് റാഷിദ് ഖാന്റെയും പ്രസിദ്ധ് കൃഷ്ണയുടേയും പന്തുകളിലും പ്രതീക്ഷയേറെ. പേസര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ വിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ജയസാധ്യത കൂടുതല്‍. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മാനവ് സുതര്‍ / അശോക് ശര്‍മ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ടിം സെയ്ഫര്‍ട്ട്, അംഗ്കൃഷ് രഘുവംഷി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റിങ്കു സിംഗ്, റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി.



