India

ട്രെയിൻ തട്ടി ഒരാൾ മരിച്ചു, പിന്നാലെ ട്രാക്കിലിറങ്ങിയ 4 പേരെ മറ്റൊരു ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു

Please complete the required fields.




ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ രണ്ട് ട്രെയിൻ തട്ടി അഞ്ചുപേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച വിവരമറിഞ്ഞ്, ഇത് അന്വേഷിക്കാനായി ട്രെയിനിൽ നിന്നും റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ നാല് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തിൽപ്പെട്ടത്. ഇവരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യത്തെ അപകടം നടന്ന സ്ഥലത്ത് അശ്രദ്ധമായി ട്രാക്കിലിറങ്ങിയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൽക്ക എക്സ്പ്രസ് തട്ടിയാണ് ആദ്യ മരണം ഉണ്ടായത്. തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടതോടെ പാളത്തിലേക്ക് ഇറങ്ങിയ യാത്രക്കാരെ എതിർ ദിശയിൽ വന്ന പുരുഷോത്തം എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ശശികാന്ത് ത്രിപാഠി പറഞ്ഞു.

ബിഹാറിലെ സിവാൻ സ്വദേശി ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശി സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഡ് സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെത്തുടർന്ന് ഹൗറ- ഡൽഹി റൂട്ടിലെ ട്രെയിൻ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.

Related Articles

Back to top button