
ടൊറന്റോ: ഇറ്റലിയിൽ നിന്നും പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ 12 ടണ്ണോളം കിറ്റ്കാറ്റ് ചോക്ലേറ്റുകൾ അടങ്ങിയ ട്രക്ക് വൻതോതിൽ മോഷണം പോയ സംഭവത്തെ അതീവ കൗതുകകരമായ ഒരു മാർക്കറ്റിംഗ് തന്ത്രമാക്കി മാറ്റിയിരിക്കുകയാണ് കമ്പനി.
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നാല് ലക്ഷത്തിലധികം ചോക്ലേറ്റ് ബാറുകളുമായി പോയ ട്രക്ക് കാണാതായതോടെ, കാനഡയിലെ കിറ്റ്കാറ്റ് വിഭാഗം തങ്ങളുടെ വിതരണ ശൃംഖലയ്ക്ക് വൻ സുരക്ഷാ സന്നാഹം ഒരുക്കി രംഗത്തെത്തി.
നാല് കറുത്ത എസ്യുവികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ പോകുന്ന കിറ്റ്കാറ്റ് ട്രക്കുകളുടെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ചോക്ലേറ്റ് കൊള്ളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിൽ, സ്വിസ് കമ്പനിയായ നെസ്ലെയുടെ 4,13,793 ചോക്ലേറ്റ് ബാറുകളാണ് അപ്രത്യക്ഷമായത്. ഇരുരാജ്യങ്ങളിലെയും പോലീസ് സംഘങ്ങൾ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും മോഷണം പോയ ട്രക്കോ ചോക്ലേറ്റുകളോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലേബലുകൾ കേന്ദ്രീകരിച്ച് വിപണിയിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് കാനഡയിലെ ഫാക്ടറിയിൽ നിന്നുള്ള ചോക്ലേറ്റ് നീക്കത്തിന് പ്രത്യേക സുരക്ഷയൊരുക്കി കമ്പനി ഒരു വേറിട്ട പരസ്യ തന്ത്രം മെനഞ്ഞത്.
“ചോക്ലേറ്റ് അത്രയ്ക്ക് രുചിയുള്ളതാകുമ്പോൾ അതിന് സുരക്ഷയും വേണം” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് കമ്പനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മോഷണവാർത്തയെ തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കാനുള്ള അവസരമാക്കി മാറ്റിയ കിറ്റ്കാറ്റിന്റെ ബുദ്ധിയെ സമൂഹമാധ്യമ ഉപയോക്താക്കൾ പ്രശംസിക്കുന്നുണ്ട്.സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന തരത്തിലുള്ള കമ്പനിയുടെ പോസ്റ്റുകളും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഒരു വശത്ത് അന്വേഷണം പുരോഗമിക്കുമ്പോഴും, മോഷണത്തെ പോലും ജനശ്രദ്ധ ആകർഷിക്കാനുള്ള വിപണന തന്ത്രമാക്കി മാറ്റിയ കമ്പനിയുടെ നീക്കം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാവുകയാണ്.





