
വിലങ്ങാട് : ബൂത്തിൽ വീൽച്ചെയർ ഇല്ലാത്തതിനാൽ അമ്പാട്ട് ഏലിക്കുട്ടി വോട്ട് ചെയ്തത് ബൂത്തിന് പുറത്ത് നിർത്തിയിട്ട കാറിലിരുന്ന്. നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്കൂളിലെ 118-ാം നമ്പർ ബൂത്തിലാണ് ഏലിക്കുട്ടിക്ക് വോട്ട്. നടക്കാൻകഴിയാത്ത ഏലിക്കുട്ടിയെ ബൂത്തിനുള്ളിലെത്തിക്കാൻ വീൽച്ചെയർ ഇല്ലായിരുന്നു. വിവരം പ്രിസൈഡിങ് ഓഫീസറെ അറിയിച്ചപ്പോൾ ഇദ്ദേഹം മേലുദ്യോഗസ്ഥരുമായി സംസാരിച്ച് കാറിലിരുന്ന് തന്നെ മഷിപുരട്ടാനും ഒപ്പിടുവിപ്പിക്കാനും അനുമതിലഭിച്ചു.
തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പുറത്തുവന്ന് കാറിലിരുന്ന ഏലിക്കുട്ടിയുടെ വിരലിൽ മഷിപുരട്ടി. ശേഷം മകളുടെ മകൻ ഓപ്പൺവോട്ട് രേഖപ്പെടുത്തി. തൊണ്ണൂറ് വയസ്സിന് മുകളിലുണ്ട് ഏലിക്കുട്ടിക്കെന്ന് വീട്ടുകാർ പറഞ്ഞു. എന്നാൽ സർട്ടിഫിറ്റിൽ 84 വയസ്സ് കാണിക്കുന്നതിനാൽ വീട്ടിലെ വോട്ട് ചെയ്യാൻപറ്റിയില്ല. തീരെ നടക്കാൻപറ്റാത്ത ഏലികുട്ടി വോട്ടുചെയ്യാൻ അരമണിക്കൂറാണ് കാറിൽ കാത്തിരുന്നത്.





