
കായണ്ണബസാർ: കായണ്ണ ടൗണിൽ ഗതാഗതക്കുരുക്കില്ലാത്ത ദിവസങ്ങൾ കുറവാണ്. ടൗണിലെ റോഡിന്റെ വീതികുറവാണ് കാരണം. പുതിയകടകൾ നിർമിക്കുമ്പോൾ റോഡിൽനിന്ന് ഇത്ര മീറ്റർ ദൂരം വിടണമെന്ന നിയമം കർശനമാകുന്നതിനുമുൻപ്‌നിർമിച്ച കടകൾ പലതുമുള്ളതിനാൽ റോഡിന് ഇനി വീതികൂട്ടൽപ്രക്രിയ പ്രായോഗികമല്ല. ഉള്ളറോഡിന്റെ ഇരുവശത്തും ഇരുചക്രവാഹനങ്ങൾകൂടി പാർക്ക്‌ചെയ്യുമ്പോൾ വലിയവാഹനങ്ങൾക്ക് കടന്നുപോവാൻ വളരെ പ്രയാസമാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗ്രാമപ്പഞ്ചായത്ത് കൊണ്ടുവന്ന ചിലപാർക്കിങ് നിബന്ധനകളും റോഡിൽ വരച്ചിട്ട വരകളും ജലരേഖകളായി. ടൗണിലെ മലഞ്ചരക്കുകടകളിൽ അന്യദേശത്തുനിന്നും തേങ്ങസംഭരിക്കാൻ വലിയ ടോറസ് ലോറികൾകൂടി ആഴ്ചയിൽ രണ്ടുതവണ വരുമ്പോഴുള്ള ഗതാഗതക്കുരുക്കും ടൗണിലെ കാഴ്ചയാണ്.





