India

സഞ്ജു ബാറ്റെടുക്കുമ്പോളെല്ലാം റണ്‍ മെഷീനാവില്ല; ആരും എഴുതിത്തള്ളുകയും വേണ്ട’; പിന്തുണച്ച് സ്റ്റീഫന്‍ ഫ്ലെമിങ്

Please complete the required fields.




ചെന്നൈ: ഐപിഎല്ലിൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഫ്ലെമിംഗ് മറുപടി നൽകിയത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ എന്ന ഖ്യാതിയുമായാണ് സഞ്ജു ചെന്നൈയിലെത്തിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 6, 7 റൺസ് മാത്രമാണ് സഞ്ജു നേടിയത്. പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ഫ്ലെമിംഗ് സഞ്ജുവിനെ ന്യായീകരിച്ചു.എല്ലാ കളികളിലും ഒരാൾക്ക് സ്കോർ ചെയ്യാൻ കഴിയില്ല. ഇത് ടി20 ക്രിക്കറ്റാണ്. സഞ്ജു മികച്ച ഫോമിലാണ്, നന്നായി പരിശീലനവും നടത്തുന്നുണ്ട്. അദ്ദേഹം ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ്. വെറും രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് അദ്ദേഹത്തിന്‍റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.

പുതിയ സീസണിൽ സഞ്ജുവിന്റെ തുടക്കം അൽപം നിരാശാജനകമാണ്. മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ 6 റൺസിനും, വെള്ളിയാഴ്ച പഞ്ചാബിനെതിരെ 7 റൺസിനുമാണ് താരം പുറത്തായത്. കണക്കുകൾ പരിശോധിച്ചാൽ ചെന്നൈയിലെ ചേപ്പോക്ക് സഞ്ജുവിന്‍റെ ഭാഗ്യ ഗ്രൗണ്ടല്ല. ചേപ്പോക്കിൽ കളിച്ച 6 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 11 ശരാശരിയിൽ 66 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ചുരുങ്ങിയത് അഞ്ച് ഇന്നിംഗ്‌സുകൾ കളിച്ച ഐപിഎൽ വേദികളിൽ സഞ്ജുവിന്‍റെ ഏറ്റവും കുറഞ്ഞ ശരാശരിയും ഇവിടെയാണ്.കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന ചെന്നൈയ്ക്ക് ഈ സീസണിലും മികച്ച തുടക്കം ലഭിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ അഞ്ച് വട്ടത്തെ ചാമ്പ്യന്മാർക്ക് ഇനി വരാനിരിക്കുന്നത് കടുത്ത പോരാട്ടമാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് ചെന്നൈ നേരിടുന്നത്.

Related Articles

Back to top button