
കോഴിക്കോട് : മൊബൈൽഫോൺ കട കത്തിനശിച്ചു. കെ.പി. കേശവമേനോൻ റോഡിലുള്ള മെട്രോ കമ്യൂണിക്കേഷൻ എന്ന കടയ്ക്കാണ് ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെ തീപിടിച്ചത്.
കല്ലായി തട്ടയത്തുപറമ്പ് ആഷിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയിൽനിന്ന് തീപടർന്നപ്പോൾ ഉടൻ സുരക്ഷാജീവനക്കാരായ സജിത്ത് റെയ്മണ്ട്, ജിന്റോ ഫ്രാൻസിസ്, ഇലക്‌ട്രിക്കൽ വിഭാഗത്തിലെ എം.സി. രഞ്ജിത്ത് എന്നിവർ ഫയർ ഹൈഡ്രന്റ് സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കോർട്ട്റോഡിലെയും കെ.പി. കേശവമേനോൻ റോഡിലെയും ചുമട്ടുതൊഴിലാളികളും പ്രദേശവാസികളും കച്ചവടക്കാരും ഉൾപ്പെടെയുള്ളവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
അതിനിടയിൽ ബീച്ച് ഫയർസ്റ്റേഷനിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി. കടയുടെ ഷട്ടർപൊട്ടിച്ച് സമീപപ്രദേശങ്ങളിലുള്ള കടകളിലേക്ക് തീപടർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി. സീനിയർ ഫയർ ഓഫീസർ എം.എൻ. ഷിജു, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ടി.എസ്. സിബി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.കെ. മുഹമ്മദ് ഗുൽഷാദ്, കെ.പി. സന്ദീപ്ദാസ്, എം.വി. ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.





