
കോഴിക്കോട് : പുറത്ത് മീനവെയിൽ ചുട്ടുപൊള്ളുമ്പോൾ കോഴിക്കോടിന്റെ പോരാട്ടച്ചൂടിന്റെ മാപിനിയായി മാതൃഭൂമി ഇലക്‌ഷൻ ബസിന്റെ പര്യടനം. രാവിലെ ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിൽ ചാലിയാറിന്റെ തീരത്തുനിന്ന് തുടങ്ങിയ രാഷ്ട്രീയവും വികസനവും നിറഞ്ഞുനിന്ന യാത്ര പല മണ്ഡലങ്ങൾ ചുറ്റി വടകര കോട്ടക്കുന്നിലെ ചർച്ചയോടെയാണ് സമാപിച്ചത്. പത്തുകൊല്ലത്തെ ഭരണത്തിനെതിരേ ഒന്നും പറയാനില്ലാതെ വന്നപ്പോൾ പുതിയ അജൻഡ കൊണ്ടുവന്ന് വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഡീൽ ആരോപണത്തിൽ ബേപ്പൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഈ വിവാദം എൽ.ഡി.എഫിനാണ് ഗുണമെന്നും റിയാസ് പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം വ്യക്തികൾ തമ്മിലുള്ള കളരിപ്പയറ്റല്ല. അത് ആശയസംവാദമാണ്. എന്താണ് ചെയ്തത്, എന്താണ് ചെയ്യാൻ കഴിയുക അതാണ് പ്രധാനമെന്നുമാണ് റിയാസിന്റെ അഭിപ്രായം.
പിണറായിസത്തിനെതിരേകൂടിയുള്ള പോരാട്ടമാണെന്ന് യു.ഡി.എഫ്. സ്ഥാനാർഥി പി.വി. അൻവർ ആവർത്തിച്ചു. പിണറായി വിജയനു വന്ന മാറ്റങ്ങൾ കുടുംബാധിപത്യത്തിലേക്കുംപോയി. പാർട്ടിയും സർക്കാരും നാടുമെല്ലാം താൻതന്നെയാണ് എന്നാണ് പിണറായി കരുതുന്നത്. ശബരിമല അയ്യപ്പന്റെ സ്വർണംകട്ട വിഷയത്തിൽ ബി.ജെ.പി. പ്രവർത്തകർ ഉൾപ്പെടെ എല്ലാ വിശ്വാസസമൂഹത്തിന്റെയും വോട്ടുകൾ യു.ഡി.എഫിനു കിട്ടുമെന്നും അൻവർ പറഞ്ഞു. ബേപ്പൂർ ഇടതുകോട്ടയല്ലെന്നും സുരക്ഷിതകേന്ദ്രങ്ങളിലും അടിപതറിയിട്ടുണ്ടെന്നും എൻ.ഡി.എ. സ്ഥാനാർഥി കെ.പി. പ്രകാശ്ബാബു ഓർമ്മിപ്പിച്ചു. ബേപ്പൂരിൽ ഫ്ളെക്സിലും അനൗൺസ്‌മെന്റുകളിലും മാത്രമാണ് വികസനം, നിലമ്പൂരിൽ എം.എൽ.എ.യായിരുന്നപ്പോൾ അൻവർ അവിടെ എന്തുചെയ്തു. അഞ്ചുകൊല്ലം മന്ത്രിയായ മുഹമ്മദ് റിയാസ് ബേപ്പൂരിനോട് നീതിചെയ്തോ എന്നീ ചോദ്യങ്ങളും പ്രകാശ് ബാബു ഉന്നയിച്ചു. റിയാസുമായിട്ടാണ് മത്സരമെന്നും പ്രകാശ് ബാബു പറഞ്ഞു.





