രാജ്യത്തെ വിറപ്പിച്ച 1100 ബോംബ് ഭീഷണികൾ; സൂത്രധാരൻ കുടുങ്ങിയത് മൈസൂരുവിൽ നിന്ന്, നടുക്കുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരു: രാജ്യത്തുടനീളമുള്ള കോടതികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർക്കാർ ഓഫീസുകളെയും മുൾമുനയിൽ നിർത്തിയ വ്യാജ ബോംബ് ഭീഷണികൾക്ക് പിന്നിൽ പ്രവർത്തിച്ചയാളെ ഒടുവിൽ പോലീസ് വലയിലാക്കി.
കർണാടകയിലെ മൈസൂരുവിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീനിവാസ് ലൂയിസ് എന്ന 47-കാരനെയാണ് ഡൽഹി പോലീസും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്.ബിരുദാനന്തര ബിരുദധാരിയായ ഇയാൾ നിലവിൽ തൊഴിൽരഹിതനാണെന്നും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം ഭീഷണി സന്ദേശങ്ങൾ അയച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്.
ഡൽഹി ഹൈക്കോടതി ജഡ്ജിക്ക് ലഭിച്ച ഭീഷണി കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് മൈസൂരുവിലെ ഈ വാടകവീട്ടിലേക്ക് പോലീസിനെ എത്തിച്ചത്. ഇമെയിലുകൾ വഴിയും മറ്റ് ഡിജിറ്റൽ മാർഗങ്ങളിലൂടെയുമാണ് ഇയാൾ സന്ദേശങ്ങൾ കൈമാറിയിരുന്നത്.ഇയാളുടെ പക്കൽ നിന്ന് ഒരു ലാപ്ടോപ്പും നിരവധി സിം കാർഡുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലെ കോടതികൾക്കും വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും അടുത്തിടെ ലഭിച്ച വ്യാജ ഭീഷണികൾക്ക് പിന്നിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
കടുത്ത മാനസിക സംഘർഷത്തിലായിരുന്ന പ്രതി, സമൂഹത്തിൽ വലിയ രീതിയിലുള്ള പരിഭ്രാന്തി സൃഷ്ടിക്കാനാണ് ഇത്തരം പ്രമുഖ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് പലയിടങ്ങളിലും ആളുകളെ ഒഴിപ്പിക്കേണ്ടി വരികയും സുരക്ഷാ പരിശോധനകൾക്കായി മണിക്കൂറുകളോളം ജനജീവിതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
നിലവിൽ ഡൽഹിയിലേക്ക് കൊണ്ടുപോയ ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ ഇത്രയധികം ഭീഷണികൾ അയക്കാനുണ്ടായ കൃത്യമായ ലക്ഷ്യം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.





