പാലക്കാട് നഗരം സ്തംഭിക്കും: പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ശനിയാഴ്ച മുതൽ കർശന ഗതാഗത നിയന്ത്രണം

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച നടക്കുന്ന പൊതുപരിപാടിയുടെ മുന്നൊരുക്കങ്ങളുടെയും സുരക്ഷാ റിഹേഴ്സലിന്റെയും ഭാഗമായി ശനിയാഴ്ച രാവിലെ 10 മണി മുതൽ തന്നെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
ഞായറാഴ്ച രാവിലെ മുതൽ പരിപാടി അവസാനിക്കുന്നത് വരെ നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നും പകരം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.വിവിധ ഭാഗങ്ങളിൽ നിന്നായി നഗരത്തിലേക്ക് എത്തുന്ന ബസുകൾക്കായി പ്രത്യേക റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ദേശീയപാതയും ചന്ദ്രനഗറും വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം.
എന്നാൽ ഇതേ ഭാഗത്തു നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കണ്ണനൂർ, തിരുനെല്ലായി, യാക്കര വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പിൻഭാഗത്തു കൂടിയാണ് പ്രവേശിക്കേണ്ടത്. കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ വഴി സ്റ്റാൻഡിലെത്തണം.ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കാടാങ്കോട്ട് നിന്ന് തിരിഞ്ഞ് ദേശീയപാത വഴി കൽമണ്ഡപം സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്. കൂടാതെ ഒറ്റപ്പാലം, ഷൊർണൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മേപ്പറമ്പ്, പേഴുങ്കര, വിക്ടോറിയ കോളേജ് വഴി താരേക്കാട് എത്തി അതത് സ്റ്റാൻഡുകളിലേക്ക് തിരിയണം.
കോഴിക്കോട്, മണ്ണാർക്കാട് ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട് ബൈപ്പാസ് വഴി കൽമണ്ഡപം കടന്ന് യാക്കര വഴി സ്റ്റാൻഡിലേക്ക് എത്തണം. സ്വകാര്യ ബസുകൾക്ക് ഒലവക്കോട് നിന്ന് ശേഖരിപുരം വഴി വരാൻ അനുമതിയുണ്ടാകും.
ഗതാഗത തടസ്സം ഒഴിവാക്കാൻ എല്ലാ വാഹനങ്ങളും നിശ്ചയിച്ചിട്ടുള്ള ബൈപ്പാസ് റോഡുകളും ലിങ്ക് റോഡുകളും ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.





