India

പാചകവാതക ബുക്കിംഗ്: നിയന്ത്രണങ്ങളിൽ മാറ്റമില്ല; 35 ദിവസമാക്കിയെന്നത് വ്യാജവാർത്തയെന്ന് കേന്ദ്രം

Please complete the required fields.




ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. സിലിണ്ടറുകൾക്കിടയിലെ ബുക്കിംഗ് ഇടവേള 35 ദിവസമാക്കി ഉയർത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി.

ഗ്രാമങ്ങളില്‍ ഗ്യാസ് ബുക്ക് ചെയ്യാനുളള ഇടവേള 45 ദിവസമായും നഗരത്തില്‍ 25 ദിവസമായും തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗ്യാസ് ബുക്ക് ചെയ്യാനുളള സമയപരിധി മാറ്റിയെന്നുളള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജ്യത്ത് ആവശ്യത്തിന് എല്‍പിജി ഉണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഇടവേള 35 ദിവസമാക്കിയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുളള 14.2 KG സിലിണ്ടര്‍ ബുക്ക് ചെയ്യാനുളള ഇടവേള 35 ദിവസമാക്കി ഉയര്‍ത്തിയെന്നായിരുന്നു റിപ്പോർട്ട്. 15 ദിവസമായിരുന്ന ബുക്കിംഗ് കാലാവധി നേരത്തെ 25 ദിവസമാക്കി വര്‍ധിപ്പിച്ചിരുന്നു.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാനാണ് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി 25 ദിവസമായി ഉയര്‍ത്തിയതെന്നാണ് നേരത്തെ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നൽകിയ വിശദീകരണം. രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയായിരുന്നു 25 ദിവസം.കൂടുതല്‍ എല്‍പിജി ഉല്‍പ്പാദനം നടത്താനും ഗാര്‍ഹിക എല്‍പിജി ഉപയോഗത്തിനായി അധിക ഉല്‍പ്പാദനം ഉപയോഗിക്കാനും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ആശുപത്രി, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താനും ഓയില്‍ കമ്പനികൾ നീക്കം നടത്തുന്നുണ്ട്. 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. പ്ലാന്റുകളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവെച്ചു. 14.2 കിലോ സ്‌റ്റോക്ക് തീര്‍ക്കാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ അടുത്ത തവണ സിലിണ്ടര്‍ ലഭിക്കുമ്പോള്‍ 10 കിലോയുടേതായിരിക്കും ലഭിക്കുക.

Related Articles

Back to top button