ലഷ്കർ കമാൻഡർ ബിലാൽ ആരിഫ് കൊല്ലപ്പെട്ടു; പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ കൊലപാതകം നടത്തിയത് സ്വന്തം കുടുംബാംഗങ്ങൾ

ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ മുരിദ്കെയിലെ ലഷ്കർ ആസ്ഥാനത്തിന് സമീപമാണ് സംഭവം നടന്നത്.സ്വന്തം കുടുംബാംഗങ്ങൾ തന്നെ ബിലാലിനെ കുത്തിയും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. കൊലപാതകത്തിൽ പങ്കുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
ലഷ്കർ-ഇ-ത്വയ്യിബയുടെ മുരിദ്കെ കേന്ദ്രത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും അവർക്ക് തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പരിശീലനം നൽകുന്നതിനുമുള്ള ചുമതലയായിരുന്നു ബിലാൽ വഹിച്ചിരുന്നത്. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതിലും സംഘടനയുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നതിലും ഇയാൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.എന്നാൽ ബിലാൽ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആളല്ല. കൊലപാതകത്തിന് ശേഷമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയുടെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.





