
ചാത്തമംഗലം : ബുധനാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം. വെള്ളനൂർ, ഇഷ്ടികബസാർ, വിരിപ്പിൽ, കോട്ടോയിൽ താഴം, സങ്കേതം ഭാഗങ്ങളിൽ വീശിയ കാറ്റിൽ നേന്ത്രവാഴകൾ നിലംപൊത്തി. വിഷുവിപണി പ്രതീക്ഷിച്ച് കൃഷിചെയ്ത നേന്ത്രവാഴയാണ് ഒടിഞ്ഞുവീണത്.
വലിയതോതിലുള്ള നഷ്ടമാണ് കാലംതെറ്റിപ്പെയ്ത മഴയിൽ കർഷകർക്കുണ്ടായത്.മാവൂർ : കാറ്റിലും മഴയിലും മാവൂർ, പെരുവയൽ പഞ്ചായത്തുകളിൽ കർഷകരുടെ നാലായിരത്തിലധികം വാഴകളും കപ്പകൃഷിയും നശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിലും മഴയിലുമാണ് വ്യാപക കൃഷിനാശമുണ്ടായത്.
പെരുവയൽ പഞ്ചായത്തിലെ ചെട്ടിക്കടവിലെ വിവിധ ഭാഗങ്ങളിൽ വാഴക്കൃഷിചെയ്ത കൊടമ്പാട്ട് മണ്ണിൽ മോഹനന്റെ 1300-ഓളം വാഴകളും തറയിൽ ഗണേശന്റെ 400-ഓളം വാഴകളും പൂർണമായുംനശിച്ചു.
കൂടാതെ ഒട്ടേറെഭാഗത്ത് മരങ്ങളുംമറ്റും വീണ് വൈദ്യുതി തടസ്സം നേരിടുകയും ചെയ്തു.





