വിധവകളുടെ പുനർവിവാഹത്തെ നിരുത്സാഹപ്പെടുത്തരുത്; ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി കോടതി, നഷ്ടപരിഹാരം 16 ലക്ഷമായി ഉയർത്തി

കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് ഭാര്യക്ക് ലഭിക്കേണ്ട അർഹമായ നഷ്ടപരിഹാരം, അവർ പുനർവിവാഹിതയായി എന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.വിധവകളുടെ പുനർവിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണ് ഇത്തരം നിലപാടുകളെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, കൊല്ലം സ്വദേശിനിയായ യുവതിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.
2009-ലുണ്ടായ അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട യുവതിക്ക് മോട്ടോർ വാഹന ട്രിബ്യൂണൽ നേരത്തെ വളരെ കുറഞ്ഞ തുക മാത്രമാണ് അനുവദിച്ചിരുന്നത്. യുവതിക്ക് ജോലിയുണ്ടായിരുന്നതും പിന്നീട് പുനർവിവാഹം കഴിച്ചതും ചൂണ്ടിക്കാട്ടി ആശ്രിതാവകാശം നിഷേധിച്ച ട്രിബ്യൂണൽ നടപടിയെ ഹൈക്കോടതി കർശനമായി വിമർശിച്ചു.അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നഷ്ടപരിഹാരത്തിന് മാനദണ്ഡമാക്കേണ്ടതെന്നും പുനർവിവാഹം എന്ന സംഗതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കോടതി പറഞ്ഞു.
പുനർവിവാഹത്തോടെ ആശ്രിതാവകാശം പുതിയ ഭർത്താവിലേക്ക് മാറിയെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയ കോടതി, ട്രിബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപയിൽ നിന്നും നഷ്ടപരിഹാരത്തുക 16.25 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു നൽകാനും ഉത്തരവിട്ടു.




