Kozhikode

കടപ്പുറത്ത് ചെങ്കൊടി ഉ‌യർന്നു; ഇന്ന് പ്രവർത്തന റിപ്പോർട്ട്, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച

Please complete the required fields.




കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം കുറച്ച് പൊതുസമ്മേളന നഗരിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ പതാകയുയർത്തി. വേങ്ങേരി വിജു, വിജയൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പതാക ജാഥയും മാങ്കാവ് കെ.കെ.രാമൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥയും കടപ്പുറത്ത് സംഗമിച്ചു. പ്രതിനിധി സമ്മേളനവേദിയായ സമുദ്ര ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി പി.മോഹനൻ ദീപശിഖ തെളിയിച്ചു. ബേപ്പൂരിലെ പേരോത്ത് രാജീവൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. 

പ്രതിനിധി സമ്മേളനത്തിന് ഇന്നു രാവിലെ ഒൻപതിന് കൊടി ഉയരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി 4 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 4.30 വരെ പ്രതിനിധികൾ ഏരിയ അടിസ്ഥാനത്തിൽ ഒരുമിച്ചിരുന്നു റിപ്പോർട്ട് ചർച്ച ചെയ്യും (ഗ്രൂപ്പ് ചർച്ച). 4.30 മുതൽ 7.30 വരെയുള്ള പൊതു ചർച്ചയിൽ ഓരോ ഏരിയയിൽ നിന്നുള്ള പ്രതിനിധികൾ സംസാരിക്കും. നാളെ ഉച്ച വരെ പൊതുചർച്ച തുടരും. വൈകിട്ട് ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി നൽകും. 12ന് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കും. 

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു മുതൽ 3 ദിവസവും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നതിന്റെ മുന്നോടിയായുള്ള പരിശോധനകൾക്കായി കണ്ണൂരിൽ തുടരുന്ന മുഖ്യമന്ത്രി ഇന്നു സമ്മേളനത്തിൽ പങ്കെടുക്കില്ല. നാളെ മുതൽ സമ്മേളനത്തിൽ ഉണ്ടാകുമെന്നു സംഘാടകരെ അറിയിച്ചിട്ടുണ്ട്. 12ന് വൈകിട്ടു നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോടിയേരിക്കും പിണറായിക്കും പുറമേ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.വിജയരാഘവൻ, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എളമരം കരീം, എ.കെ.ബാലൻ എന്നിവർ  സമ്മേളനത്തിൽ പങ്കെടുക്കും.

ജില്ലാ സെക്രട്ടറിയായി പി.മോഹനൻ തന്നെ തുടരാനാണ് സാധ്യത. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും സെക്രട്ടറിമാർക്കു 3 ടേമാണ് കാലാവധി. 2 ടേം മാത്രം പൂർത്തിയാക്കിയ മോഹനന് തുടരാൻ തടസ്സങ്ങളില്ല. ഔദ്യോഗിക പക്ഷത്തെ പുതിയ ചേരിക്കു കോഴിക്കോട് നഗരത്തിൽ മാത്രമാണ് സ്വാധീനം. നിലവിലെ ജില്ലാ കമ്മിറ്റിയിലും സമ്മേളന പ്രതിനിധികളും പി.മോഹനന് വ്യക്തമായ സ്വാധീനമുണ്ട്. കമ്മിറ്റികളിലെ പ്രായപരിധി 75 ആക്കുന്നതോടെ നിലവിലെ കമ്മിറ്റിയിൽ നിന്ന് പത്തോളം പേർ പുറത്താകും. യുവാക്കൾക്കും വനിതകൾക്കും അവസരം ലഭിക്കും. ജില്ലാ സെക്രട്ടേറിയറ്റിൽ ഒരു വനിതയെ ഉൾപ്പെടുത്തണമെന്നു സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ട്. സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗമായ കെ.കെ.ലതികയ്ക്കാണ് സാധ്യത. 

Related Articles

Leave a Reply

Back to top button