Kozhikode

ശമ്പളവർധനയില്ല; സമരം തുടർന്ന് നഴ്സുമാർ

Please complete the required fields.




കോഴിക്കോട് : ശമ്പളവർധനയാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാലസമരം തുടരുന്നു. സിവിൽസ്റ്റേഷനുമുൻപിൽ രാവിലെമുതൽ വൈകീട്ടുവരെയാണ് സമരം നടന്നത്. നഴ്‌സുമാർ ഏറെയും സമരത്തിനിറങ്ങിയതോടെ പല സ്വകാര്യ ആശുപത്രികളിലും സേവനങ്ങൾ മുടങ്ങി. അടിസ്ഥാനശമ്പളം 40,000 രൂപയാക്കണമെന്നാണ് ആവശ്യം. നിലവിൽ 22,400 രൂപയാണ് നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം.

സമരത്തെ പിന്തുണച്ചതിന്റെ പേരിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലവിലെ തീരുമാനം. ആശുപത്രിക്കെതിരായി നഴ്‌സുമാർ ‘സ്‌പൈ വർക്ക്’ നടത്തിയെന്നാണ് അവർ നടത്തുന്ന ആരോപണം.17 രോഗികൾക്ക് ഒരു നഴ്‌സ് എന്ന കണക്കിന് പരിചരിച്ചുകൊണ്ടിരുന്നപ്പോഴാണ് മുന്നറിയിപ്പൊന്നുമില്ലാതെ പിരിച്ചുവിട്ടതെന്നും നഴ്‌സുമാരോടുമാത്രമല്ല രോഗികളോടും മാനേജ്‌മെന്റ് ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും നഴ്‌സുമാർ പറഞ്ഞു.

നിലവിൽ ആശുപത്രിയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാരെ ജോലിസമ്മർദം കൂട്ടി പീഡിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഹോസ്റ്റലിൽനിന്ന് പുറത്താക്കിയവരെ തിരിച്ചുകയറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെമുതൽ ഭക്ഷണം നൽകിയില്ലെന്ന് യു.എൻ.എ. കാലിക്കറ്റ് യൂണിറ്റ് ട്രഷറർ നീനു അറിയിച്ചു. മാനേജ്‌മെന്റ് ഭക്ഷണമുണ്ടാക്കേണ്ടെന്നു പറഞ്ഞെന്നാണ് വിവരം. വിഷയം ചർച്ചചെയ്യാനും തീരുമാനമായിട്ടില്ല. അവകാശപ്പെട്ട നീതി നേടിയെടുത്തശേഷംമാത്രമേ തിരിച്ച് ജോലിക്ക് കയറൂ എന്ന് നഴ്‌സുമാർ അറിയിച്ചു.

രാവിലെ പത്തരയോടെ സിവിൽസ്റ്റേഷനുമുൻപിലെത്തിയ നഴ്സുമാർ ഗേറ്റിനുമുൻപിലിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആർ.എം.പി.ഐ. പ്രവർത്തകർ ജാഥയായെത്തി. ചില ആശുപത്രികളിൽ നഴ്സുമാർ അതതിടത്തുതന്നെ പണിമുടക്കി സമരം നടത്തി.

Related Articles

Back to top button