നേമം പിടിക്കാൻ ശബരീനാഥൻ; തലസ്ഥാനത്തെ മണ്ഡലങ്ങളിൽ കരുത്തരെ ഇറക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ കരുത്തുറ്റ സ്ഥാനാർത്ഥികളെ അണിനിരത്താൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ശബരീനാഥിൻ്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം.
നെയ്യാറ്റികരയില്‍ എന്‍ ശക്തന്‍ അടക്കം മൂന്ന് പേരുകള്‍ പരിഗണനയിലുണ്ട്. അരുവിക്കരയില്‍ വി എസ് ശിവകുമാറോ എം ആര്‍ ബൈജുവോ സ്ഥാനാര്‍ത്ഥിയാകും. വര്‍ക്കല, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകളിൽ ചര്‍ച്ച തുടരുകയാണ്. വാമനപുരത്ത് പാലോട് രവിയെ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നേമത്ത് സിപിഐഎം പരിഗണിക്കുന്നത് വി ശിവൻകുട്ടിയെ തന്നെയെന്നാണ്. ബിജെപി പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖേറിനെയും.
നേരത്തെ നേമം മണ്ഡലത്തിൽ കെഎസ്‌യു നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ അടക്കം കോൺഗ്രസ് പരിഗണിച്ചിരുന്നു. മുമ്പ് ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലം കൂടിയാണ് നേമം. അതുകൊണ്ടുതന്നെ കരുത്തനായ ഒരു സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസിൻ്റെ നിലപാട്.2016ല്‍ ബിജെപി നേമത്ത് നേടിയ വിജയത്തോടെ കേരള നിയമസഭയില്‍ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി ശിവന്‍കുട്ടി നേമം തിരിച്ചുപിടിച്ചു.
കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തി 36,524 വോട്ട് നേടിയിരുന്നു. ഇത് ബിജെപിയുടെ വിജയം തടയുന്നതില്‍ നിര്‍ണായകമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന് നേമം മണ്ഡലത്തില്‍ നിന്ന് 22,126 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിക്ക് നേമത്ത് 7,913 വോട്ടിന്റെ ലീഡും ലഭിച്ചിരുന്നു. ഈ കണക്കുകള്‍ ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.





