
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. എന്നാൽ ഇതിനായി അമേരിക്കയുടെയും ഇസ്രായേലിന്റെയും മുന്നിൽ മൂന്ന് പ്രധാന നിബന്ധനകളാണ് ഇറാൻ വെച്ചിരിക്കുന്നത്.
ഇറാന്റെ പരമാധികാരം അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ഇത്തരം സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് ഈ വ്യവസ്ഥകൾ.
റഷ്യൻ, പാകിസ്ഥാൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും താൻ ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം നിലനിർത്താൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ തങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കൂ എന്നും പെസഷ്കിയാൻ കൂട്ടിച്ചേർത്തു.
അതേസമയം, ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ അടിയന്തരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎൻ രക്ഷാസമിതി പ്രമേയം അംഗീകരിക്കപ്പെട്ടു. എന്നാൽ ഈ വോട്ടെടുപ്പിൽ നിന്നും റഷ്യയും ചൈനയും വിട്ടുനിന്നു.
പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരും മുറുകുകയാണ്. ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കം തടഞ്ഞാൽ ഇപ്പോഴുള്ളതിനേക്കാൾ ഇരുപത് മടങ്ങ് കരുത്തോടെ തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.ഇതിന് മറുപടിയുമായി ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ രംഗത്തെത്തുകയും, അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെ കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് ആവർത്തിക്കുകയും ചെയ്തതോടെ മേഖലയിൽ ആശങ്കയൊഴിയുന്നില്ല.





