കേരളത്തിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കും’, 10, 800 കോടി രൂപയുടെ വിവിധ വികസന പദ്ധതി; ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി

കൊച്ചി: 10, 800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കെെവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
5,500 കോടി രൂപ ചെലവിട്ട് ബിപിസിഎൽ കൊച്ചി റിഫെെനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം നാല് ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘എഐമേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കെെവരിക്കുകയാണ്. സൗരോർജ ശക്തിയിൽ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോജ മേഖലയിൽ മുന്നേറണം. ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരും. അടിസ്ഥാന സൗകര്യമേഖലയിൽ ചെലവഴിക്കുന്ന പണം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കും’-മോദി വ്യക്തമാക്കി.
കൊല്ലം ജില്ലയിൽ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളർ പദ്ധതിയ്ക്കും തറക്കല്ലിട്ടും. ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ഭാഗത്തെയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ഭാഗത്തെയും ആറുവരി പാതകളുടെ ഉദ്ഘാടനവും നിർവഹിച്ചു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗ വർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നേരത്തെ മറൈൻഡ്രൈവിൽ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനത്തിലും മോദി പങ്കെടുത്തിരുന്നു. സമുദ്രസംരക്ഷണത്തിനായി ധീവരസഭ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം വേദിയിൽ പണ്ഡിറ്റ് കറുപ്പനെയും അനുസ്‌മരിച്ചു.
എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 11.45 ഓടെയാണ് മോദി വിമാനമിറങ്ങിയത്.
ഡിജിപി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി സുദർശൻ തുടങ്ങിയവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ നാവികസേനാ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. നാവിക സേന വിമാനത്താവളത്തിൽ നിന്ന് റോഡ് മാര്‍ഗമാണ് മറൈൻ ഡ്രൈവിലെ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ നടന്ന റോഡ് ഷോയ്ക്കുശേഷണാണ് കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയായ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെത്തിയത്.ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.




