
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വിലയെയും ഊർജ ഇറക്കുമതിയെയും ബാധിച്ചതാണ് നിലവിലെ വിലവർധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
വില വർധനവോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായും വാണിജ്യ സിലിണ്ടറിന്റേത് 1890.50 രൂപയായും ഉയർന്നു. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമാണ് പുതിയ നിരക്ക്. മുംബൈയിൽ യഥാക്രമം 912.50 രൂപയും 1835 രൂപയുമാണ് വില. കൊൽക്കത്തയിൽ ഗാർഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയിൽ ഇത് 928.50 രൂപയും 2043.50 രൂപയുമാണ്.
അതേസമയം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണങ്ങൾ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തള്ളി. രാജ്യത്ത് ഇന്ധന വിതരണം സുഗമമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഔദ്യോഗികമായി അറിയിച്ചു.
LPG prices hiked in the country; Domestic cylinders to cost Rs 60 more





