വിജയ്യുടെ ടിവികെ റാലിയിൽ ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് വീണ്ടും അപകടം; യുവാവിന്റെ നില ഗുരുതരം, പരിക്കേറ്റവരിൽ സ്ത്രീകളും

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെ വീണ്ടും അപകടം. വിജയ്യുടെ വാഹനത്തെ പിന്തുടരാൻ ആരാധകരും പ്രവർത്തകരും ശ്രമിക്കുന്നതിനിടെയുണ്ടായ തിരക്കിൽപ്പെട്ട് രണ്ട് സ്ത്രീകളടക്കം ആറുപേർക്കാണ് പരിക്കേറ്റത്.
കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമാനമായ സംഭവം ആവർത്തിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തെ അടുത്തുകാണാനായി പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ട് ഓടിയതാണ് അപകടത്തിന് കാരണമായത്.
പരിക്കേറ്റ ആറുപേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷ് എന്ന യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഓരോ റാലിയിലും നിയന്ത്രണാതീതമായ ജനത്തിരക്ക് ഉണ്ടാകുന്നത് സുരക്ഷാ ക്രമീകരണങ്ങളെ വെല്ലുവിളിക്കുന്നതായാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.





