
കൊടുവള്ളി : വലിയ പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങി വലഞ്ഞ തെരുവുനായയ്ക്ക് രക്ഷകരായി ഒരുകൂട്ടം യുവാക്കൾ. കൊടുവള്ളി-എൻ.ഐ.ടി. താഴെ റോഡിൽ പൊറ്റമ്മൽ ഭാഗത്താണ് തെരുവുനായ ദിവസങ്ങളോളം പ്ലാസ്റ്റിക് കുപ്പി തലയിൽക്കുടുങ്ങി അലഞ്ഞത്.
രണ്ടുദിവസമായി നായയെ കാണാതായതോടെ നായ ചത്തുപോയതായി നാട്ടുകാർ സംശയിച്ചിരുന്നു.എന്നാൽ, തിങ്കളാഴ്ച നായയെ വീണ്ടും കണ്ടതോടെ പ്രദേശത്തെ യൂത്ത് വിങ് എന്ന കൂട്ടായ്മയ്ക്കു കീഴിലുള്ള ഒരുകൂട്ടം ചെറുപ്പക്കാരാണ് കുപ്പി തലയിൽക്കുടുങ്ങി മരണത്തെ മുഖാമുഖംകണ്ട തെരുവുനായയ്ക്ക് രക്ഷകരായെത്തിയത്.
ആളുകളെ കാണുമ്പോൾ നായ ഒടിമറയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നായ ഒരിടത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ പോയി വല ഉപയോഗിച്ച് നായയെ പിടിക്കുകയായിരുന്നു. വലയിൽ കുടുങ്ങിയ നായയുടെ തലയിൽനിന്ന് പ്ലാസ്റ്റിക് കുപ്പി ഊരിയെടുത്ത് നായയെ രക്ഷപ്പെടുത്തി.
യൂത്ത് വിങ് പ്രവർത്തകരായ ഇ.സി. മുഖ്താർ, ജംഷീർ പോപ്പി, എ.കെ. ആഷിക്, മുനീർ പെരിയാംതോട്, സി.പി. ഷഫീഖ്, മുർഷിദ്, ഉവൈസ്, സലാഹുദീൻ, ദിലു, മുഹാദ്, ലത്തീഫ്, ജാഫർ, പപ്പു എന്നിവരാണ് നായയെ രക്ഷപ്പെടുത്തിയത്. നായയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇവർ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.





