India

പശ്ചിമേഷ്യൻ സംഘർഷം: അതിർത്തികളിൽ സുരക്ഷാ കവചമൊരുക്കാൻ ഇന്ത്യ, റഷ്യയുമായി കൈകോർക്കും

Please complete the required fields.




ദില്ലി: റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ S-400-ന്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വ്യോമ സുരക്ഷാ കവചം കൂടുതൽ ശക്തമാക്കാനുള്ള ഈ നിർണ്ണായക നീക്കം.

മുൻപ് നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാൻ്റെ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും വിജയകരമായി പ്രതിരോധിക്കുന്നതിൽ S-400 മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന ശുപാർശ നൽകിയത്.

‘സുദർശൻ ചക്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാനുള്ള നിർദ്ദേശം ഉടൻ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് എത്തും. ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇവ വിന്യസിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.2018-ൽ റഷ്യയുമായി ഒപ്പിട്ട കരാർ പ്രകാരമുള്ള അഞ്ച് സ്ക്വാഡ്രണുകളിൽ മൂന്നെണ്ണം നിലവിൽ ഇന്ത്യയുടെ പക്കലുണ്ട്. ബാക്കിയുള്ള രണ്ട് സ്ക്വാഡ്രണുകൾ ഈ വർഷം തന്നെ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, പാകിസ്ഥാൻ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത HQ-9 സംവിധാനത്തിന് ഇന്ത്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കാതെ വന്നതും ആഗോളതലത്തിൽ S-400-ന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.

മാറുന്ന യുദ്ധസാഹചര്യങ്ങളിൽ വ്യോമാക്രമണങ്ങൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം വർദ്ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കൂടാതെ, തദ്ദേശീയമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഡിആർഡിഒയും സജീവമാക്കിയിട്ടുണ്ട്.

Related Articles

Back to top button